മദ്യപാനത്തിനിടെ തര്‍ക്കം; തിരുവനന്തപുരത്തു യുവാവ് കുത്തേറ്റ് മരിച്ചു
തിരുവനന്തപുരം മലയങ്കീഴ് മദ്യപാനത്തിനിടെ തര്‍ക്കത്തെ തുടര്‍ന്ന് യുവാവ് കുത്തേറ്റ് മരിച്ചു. കാരങ്കോട്ട്കോണം സ്വദേശി 24കാരന്‍ ശരത് ആണ് കൊല്ലപ്പെട്ടത്. ശരതിന്‍റെ ബന്ധു അഖിലേഷിനെ നെഞ്ചില്‍ കുത്തേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബിയര്‍കുപ്പി പൊട്ടിച്ച് ഇരുവരെയും കുത്തിയ അരുണ്‍ ഉള്‍പ്പടെ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. സമീപത്തെ ക്ഷേത്രത്തില്‍ നടന്ന ഉത്സവത്തെ കുറിച്ചുണ്ടായ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. തര്‍ക്കത്തിനിടെ അരുണ്‍, രാജേഷ് എന്നയാളെ മര്‍ദിച്ചു. സമീപത്തുതാമസിക്കുന്നവരും രാജേഷിന്‍റെ ബന്ധുക്കളുമായ ശരതും അഖിലേഷും ഇത് ചോദ്യം ചെയ്യാനെത്തി. ഇതോടെ തര്‍ക്കം രൂക്ഷമാകുകയും അരുണ്‍ ബിയര്‍കുപ്പി പൊട്ടിച്ച് ഇരുവരെയും കുത്തുകയുമായിരുന്നു. വയറില്‍ കുത്തേറ്റ ശരത് രക്തം വാര്‍ന്നാണ് മരിച്ചത്.

No comments