*മിനിമംബാലൻസ് ഇല്ലാത്തതിന് ബാങ്കുകൾ ഈടാക്കിയത് 4,818 കോടി രൂപ!; പിഴ ഒഴിവാക്കണമെന്ന് പാർലമെന്ററി സമിതി*
ന്യൂഡൽഹി : സേവിങ്‌സ്, കറന്റ് അക്കൗണ്ടുകളിൽ മിനിമം ആവറേജ് ബാലൻസ് (എംഎബി) പാലിക്കാത്ത ഉപഭോക്താക്കളിൽനിന്ന് 2024-25 സാമ്പത്തികവർഷം രാജ്യത്തെ ബാങ്കുകൾ പിഴയായി ഈടാക്കിയത് 4,818 കോടിരൂപ. ബിജെപി എംപി ചന്ദ്രപ്രകാശ് ജോഷി അധ്യക്ഷനായ പാർലമെന്ററി സമിതി വ്യാഴാഴ്ച ലോക്‌സഭയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. പിഴ ചുമത്തുന്നത് ഒഴിവാക്കണമെന്ന ശുപാർശയും സമിതി മുന്നോട്ടുവെച്ചിട്ടുണ്ട്.
മിനിമം ബാലൻസ് പാലിക്കാത്തതിന് ചുമത്തുന്ന പിഴ മിക്കപ്പോഴും വളരെ ഉയർന്നതാണെന്നും ഇത് അക്കൗണ്ട് ഉടമകൾക്കുമേൽ, പ്രത്യേകിച്ച് സാമ്പത്തികമായി ദുർബലരായവർക്കുമേൽ അനാവശ്യ സാമ്പത്തിക സമ്മർദമുണ്ടാക്കുമെന്നും കമ്മിറ്റി വിലയിരുത്തി. അക്കൗണ്ട് ഉടമകൾ മിനിമം ബാലൻസ് പാലിക്കുന്നപക്ഷം പ്രതിവർഷം അവർക്ക് സേവിങ്‌സ് അക്കൗണ്ട്‌സിനുമേൽ 2.5 ശതമാനം മുതൽ നാല് ശതമാനംവരെയാണ് പലിശ ലഭിക്കുക. ചില ബാങ്കുകൾ ആറു മുതൽ ഏഴുശതമാനം വരെ പലിശ നൽകുന്നുണ്ട്. എന്നിരുന്നാലും മിനിമം ബാലൻസ് പാലിക്കാതെ വരുമ്പോൾ, എംഎബി പാലിച്ചാൽ അവർക്ക് ലഭിക്കാൻ സാധ്യതയുള്ള പലിശയുടെ 15-20 ഇരട്ടിവരെ പിഴയായി ചുമത്തപ്പെടുന്നുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
സാമ്പത്തികവർഷത്തിൽ മിനിമം ബാലൻസ് പാലിക്കാത്തതിനെ തുടർന്ന് പൊതുമേഖലാ ബാങ്കുകൾ ചുമത്തിയത് 2,045.7 കോടി രൂപയാണ്. മുൻവർഷത്തേക്കാൾ എട്ടുശതമാനം കുറവാണിത്. സ്വകാര്യബാങ്കുകളാകട്ടെ 2024-25 സാമ്പത്തികവർഷം ഈടാക്കിയത് 2,772.2 കോടിരൂപയാണ്.
സേവിങ്‌സ് അക്കൗണ്ടിൽ മിനിമം ബാലൻസ് പാലിക്കാത്ത ഉപഭോക്താക്കൾക്കുമേൽ പിഴ ചുമത്തുന്നത് ഒഴിവാക്കണമെന്ന നിർദേശം പാർലമെന്ററി സമിതി മുന്നോട്ടുവെച്ചിട്ടുണ്ട്. പിഴ ചുമത്തുന്നതിന് പകരം, റിവാർഡ് പോയിന്റുകൾ ഉൾപ്പെടെയുള്ള പ്രോത്സാഹനങ്ങൾ നൽകി ഉയർന്ന തുക അക്കൗണ്ടിൽ സൂക്ഷിക്കാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കാൻ ബാങ്കുകൾ തയ്യാറാകണമെന്നും സമിതി റിപ്പോർട്ടിൽ നിർദേശിക്കുന്നു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments