Breaking News

*മകളെ ചേർത്തു പിടിച്ച് സ്ഥാപനത്തിനുള്ളിൽ തീയിട്ട് ഉടമ ജീവനൊടുക്കി; അമേഘയെ രക്ഷിച്ചത് ആ സ്ഫോടനശബ്ദം*

കോഴിക്കോട് : ഓൺലൈൻ ട്രേഡിങ് സ്ഥാപനത്തിനുള്ളിൽ തീയിട്ട് ഉടമ ജീവനൊടുക്കി. ഒപ്പമുണ്ടായിരുന്ന മകൾക്കു പൊള്ളലേറ്റു. കുരുവട്ടൂർ കാരാട്ടുതാഴം നടുവിലക്കണ്ടി വി.ടി.വിനീഷ് കുമാറാണ് (48) മരിച്ചത്. കയ്യിലും മുഖത്തും പൊള്ളലേറ്റ മകൾ അമേഘയെ (9) കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

കൊടുവള്ളി റോഡിലെ സ്വകാര്യ കെട്ടിടത്തിന്റെ ഒന്നാം നിലയിൽ വി.ജെ.ട്രേഡേഴ്സ് എന്ന സ്ഥാപനത്തിന്റെ ഉടമയാണ് വിനീഷ് കുമാർ. മകളെയും കൂട്ടിയാണ്  ഇവിടെ എത്തിയത്. സ്ഥാപനത്തിനുള്ളിൽ കടന്ന് ഷട്ടർ താഴ്ത്തി മകളെ ചേർത്തുപിടിച്ചാണ് വിനീഷ് കുമാർ തിന്നർ പോലുള്ള ദ്രാവകമൊഴിച്ച് തീയിട്ടതെന്നു പൊലീസ് പറഞ്ഞു. വിനീഷിന്റെ പിടിയിൽ നിന്നു കുതറി ഒരു മൂലയിലേക്കു മാറിയതിനാലാണ് മകൾ രക്ഷപ്പെട്ടത്. മുറിക്കുള്ളിൽ നിന്നു പൊട്ടിത്തെറി പോലുള്ള ശബ്ദം കേട്ട് ഓടി എത്തിയവരാണ് തീപടരുന്നതു കണ്ടത്.

അഗ്നിരക്ഷാ സേനാംഗങ്ങളെത്തി ഇരുവരെയും പുറത്തെത്തിച്ചെങ്കിലും വിനീഷ് കുമാറിനെ രക്ഷിക്കാനായില്ല. മുറിയിൽ നിന്ന് ആത്മഹത്യക്കുറിപ്പ് കണ്ടെത്തി. കൊടുവള്ളി പൊലീസും ഫൊറൻസിക് സംഘവും പരിശോധന നടത്തി. പറമ്പിൽക്കടവ് ചൂലങ്ങോട്ട് എ.വി.വിജയന്റെയും രമണിയുടെയും മകനാണ്. ഭാര്യ: ജിഷ. മകൻ: അഭിനവ്. സഹോദരങ്ങൾ: വിനോദ് കുമാർ, സിന്ധു. 

അമേഘയെ രക്ഷിച്ചത് ആ സ്ഫോടനശബ്ദം 
നരിക്കുനി ∙ ഷട്ടറിട്ട സ്ഥാപനത്തിനുള്ളിൽ നിന്നു കേട്ട ഉഗ്ര ശബ്ദത്തിനു പിന്നാലെ തീയും പുകയും ഉയർന്നത് കണ്ട് നാട്ടുകാർ നടത്തിയ സമയോചിത ഇടപെടൽ ഒൻപത് വയസ്സുള്ള കു‍ഞ്ഞിന് രക്ഷയായി. കൊടുവള്ളി റോഡിലെ വിജെ ട്രേഡേഴ്സിനുള്ളിൽ മകളുമായി എത്തിയാണ് ഉടമ വിനീഷ് കുമാർ തീയിട്ടത്. രാസ ദ്രാവകം ഒഴിച്ച് തീയിട്ടപ്പോഴാണ് ഉഗ്ര ശബ്ദം ഉണ്ടായത്. ഉടൻ തന്നെ നാട്ടുകാർ അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു. നിമിഷങ്ങൾക്കുള്ളിൽ എത്തിയ അഗ്നിരക്ഷാ സേനാംഗങ്ങളാണ് ഷട്ടർ ഉയർത്തി മുറിക്കുള്ളിൽ കടന്നത്.

അപ്പോഴാണു തീയും പുകയും നിറഞ്ഞ മുറിക്കുള്ളിൽ നിന്നു രക്ഷിക്കണമെന്ന അമേഘയുടെ കരച്ചിൽ കേട്ടത്. ഉടൻ തന്നെ കുഞ്ഞിനെ എടുത്ത് പുറത്തേക്ക് ഓടുമ്പോഴാണ് അച്ഛൻ ഉള്ളിൽ ഉണ്ടെന്ന് മകൾ പറയുന്നത്. 

ഉടൻ വിനീഷിനെയും പുറത്ത് എത്തിച്ചു. അപ്പോഴേക്കും വിനീഷ് മരിച്ചു. നരിക്കുനി ഗവ. ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കുഞ്ഞിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടി അപകടനില തരണം ചെയ്തു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments