ജാതി പ്രീണനം, വ്യക്തിപൂജ: യു.ഡി.എഫ് സർക്കാർ സ്വയം അപഹാസ്യമാവുന്നു - ഐ.എൻ.എൽ
കോഴിക്കോട് : കേരളത്തിൻ്റെ മതനിരപേക്ഷ രാഷ്ട്രീയ സംസ്കാരത്തെ വെല്ലുവിളിച്ച് കൊണ്ട് മുഖ്യമന്ത്രി വി.ഡി സതീശനും സഹമന്ത്രിമാരും നടത്തുന്ന ജാതി-മത പ്രീണനവും വ്യക്തിപൂജയും യു.ഡി.എഫ് സർക്കാറിനെ സ്വയം അപഹാസ്യരാക്കുന്നുവെന്ന് മാത്രമല്ല, നമ്മുടെ നാടിനെ വിദ്വേഷ, വർഗീയ രാഷ്ട്രീയത്തിന്റെ കൂടാരമാക്കുകയാണെന്നും ഐ.എൻ.എൽ.
വർഗീയ വിദ്വേഷ പ്രചാരകനായി ആരുടെ നേരെ വിരൽ ചൂണ്ടിയാണോ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് എതിരെ യു.ഡി.എഫ് നേതൃത്വം പ്രചണ്ഡമായ പ്രചാരണങ്ങൾ അഴിച്ചുവിട്ടത് അതേ വ്യക്തിയെ, മന്ത്രി ബിന്ദു കൃഷ്ണ സ്റ്റേറ്റ് കാറിൽ അവരുടെ വസതിയിൽ ചെന്ന് തൊഴുതു വണങ്ങി ആശിർവാദം വാങ്ങുന്ന ജുഗുപ്സാവഹമായ കാഴ്ച യു.ഡി.എഫ് നേതൃത്വത്തെ അലോസരപ്പെടുത്തുന്നില്ല എന്നതാണ് അമ്പരപ്പിക്കുന്ന വസ്തുത. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കേരളത്തിലെ ഫ്രാഞ്ചൈസിയായ ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡണ്ട് തുഷാർ വെള്ളാപ്പള്ളിക്ക് വേണ്ടി പരസ്യമായി വേദികളിൽ പ്രത്യക്ഷപ്പെടാനുള്ള അദ്ദേഹത്തിൻ്റെ മാതാവ് പ്രീതി നടേശനിൽ നിന്ന് പൊന്നാട സ്വീകരിച്ചു പുറത്തിറങ്ങിയ മന്ത്രി ബിന്ദു ഒന്നും സംഭവിക്കാത്ത മട്ടിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയാതെ രക്ഷപ്പെട്ടത് കോൺഗ്രസ് അകപ്പെട്ട ദിശാബോധമില്ലായ്മയാണ് എടുത്തു കാട്ടുന്നത്. മുഖ്യമന്ത്രി വി.ഡി സതീശനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമൊക്കെ തുഷാർ വെള്ളാപ്പള്ളിയുടെ ആതിഥ്യം സ്വീകരിക്കുന്നതും കെട്ടിപ്പുണരുന്നതുമൊക്കെ കേരളം കൺകുളിർക്കെ കണ്ടു. അധികാരം കൈവന്നതോടെ തീവ്ര വലതുപക്ഷത്തേക്ക് ചാഞ്ഞ യു.ഡി.എഫ് സംഘം സംസ്ഥാനത്തെ പ്രഥമ ഹിന്ദുത്വ സർക്കാരായി മാറിക്കഴിഞ്ഞു. ഇടതുഭരണത്തുടർച്ച സംഭവിച്ചാൽ ഇവിടെ ബി.ജെ.പി വളരുമെന്നും സംഘപരിവാർ ആധിപത്യം സ്ഥാപിക്കുമെന്നുമുള്ള സിദ്ധാന്തം ചമച്ച് ന്യൂനപക്ഷ കേന്ദ്രങ്ങളിൽ വ്യാപകമായ ദുഷ്പ്രചരണത്തിൽ ഏർപ്പെട്ട ശക്തികളെല്ലാം യു.ഡി.എഫ് സർക്കാരിൻ്റെ രണ്ടാഴ്ചത്തെ പിടുത്തം വിട്ട പോക്ക് കണ്ട് നാണംകെട്ട് തലകുനിച്ചിരിക്കുകയാണ്. മത-ജാതി, വർഗീയ സംഘടനകളുടെ സഹായത്തോടെ ജനവിധി അട്ടിമറിച്ച യു.ഡി.എഫ്, ഒരു ഇഞ്ച് മുന്നോട്ടു പോവാൻ ആവാതെ പല സമുദായ നേതാക്കളുടെയും മതപുരോഹിതരുടെയും തിണ്ണകൾ നിരങ്ങുന്ന അരോചകമായ കാഴ്ചകൾ നമ്മുടെ നാട് എത്തിപ്പെട്ട അപൂർവമായ ഒരു രാഷ്ട്രീയ ദുരന്തത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. മുന്നണിയുടെ വഴിവിട്ട പോക്കിൽ പ്രതിഷേധിക്കാൻ പോലും ആവാതെ ശ്വാസംമുട്ടി കഴിയുന്ന മുസ്ലിം ലീഗിനെ പോലെയുള്ള പാർട്ടികൾ രോഷം ഉള്ളിലൊതുക്കേണ്ട ഗതികേടിലാണ്. മുന്നണിക്കുള്ളിലെ അന്തഛിദ്രതയും രാഷ്ട്രീയ ദിശാബോധമില്ലായ്മയും വലതുപക്ഷ കളികളും ശൈഥില്യത്തിലേക്കും സർക്കാരിൻ്റെ പതനത്തിലേക്കും താമസിയാതെ നയിക്കുമെന്ന് ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ അഭിപ്രായപ്പെട്ടു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments