*ഇന്ത്യന്‍ മുസ് ലിംകളുടെ അവകാശങ്ങളും അന്തസ്സും താല്‍പര്യങ്ങളും സംരക്ഷിക്കണം; രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖരുടെ യോഗം ഡല്‍ഹിയിയില്‍ സംഘടിപ്പിച്ചു*
ന്യൂഡല്‍ഹി : 'ഇന്ത്യന്‍ മുസ് ലിംകളുടെ നിലവിലെ സ്ഥിതിയെക്കുറിച്ച ദേശീയ കൂടിയാലോചനാ യോഗം', ന്യൂഡല്‍ഹിയിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ് ഓഫ് ഇന്ത്യയിലെ ഡെപ്യൂട്ടി സ്പീക്കര്‍ ഹാളില്‍ ഇന്നലെ സംഘടിപ്പിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗങ്ങള്‍, നിയമസഭാംഗങ്ങള്‍, രാഷ്ട്രീയ-സാമൂഹിക സംഘടനാ നേതാക്കള്‍, മതപണ്ഡിതര്‍, നിയമവിദഗ്ധര്‍, അക്കാദമിക് രംഗത്തെ പ്രമുഖര്‍ എന്നിവരുടെ സാന്നിധ്യം കൊണ്ടു ശ്രദ്ധേയമായി. ഇന്ത്യന്‍ മുസ് ലിംസ് ഫോര്‍ സിവില്‍ റൈറ്റ്‌സ്(ഐഎംസിആര്‍)ചെയര്‍മാനും മുന്‍ രാജ്യസഭാംഗവുമായ മുഹമ്മദ് അദീബിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി. ഇന്ത്യന്‍ മുസ് ലിംകള്‍ നേരിടുന്ന വെല്ലുവിളികളും അവയ്ക്ക് ഭരണഘടനാപരവും നിയമപരവും ജനാധിപത്യപരവുമായ പരിഹാരങ്ങള്‍ കണ്ടെത്തുന്നതിനുമുളള വിശദമായ ചര്‍ച്ചകള്‍ യോഗത്തിലുണ്ടായി.
പാര്‍ലമെന്റ് അംഗങ്ങളായ ഇഖ്‌റ ഹസന്‍, മൊഹിബുള്ള നദ്വി, ഇംറാന്‍ മസൂദ്, സിയാ ഉര്‍ റഹ്‌മാന്‍ ബര്‍ഖ്, ജമ്മു കശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റും മുന്‍ മുഖ്യമന്ത്രിയുമായ ഡോ. ഫാറൂഖ് അബ്ദുല്ല, ജമ്മു കശ്മീര്‍ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്റും മുന്‍ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തി, മുന്‍ കേന്ദ്രമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്, ആള്‍ ഇന്ത്യാ മുസ് ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ വൈസ് ചെയര്‍മാനും മുന്‍ പാര്‍ലമെന്റ് അംഗവുമായ മൗലാന ഉബൈദുല്ല ഖാന്‍ ആസ്മി, അജ്മീര്‍ ശരീഫ് ദര്‍ഗയുടെ ഗദ്ദി നഷീന്‍ സയ്യിദ് സര്‍വര്‍ ചിശ്തി, സമാജ്വാദി പാര്‍ട്ടി മഹാരാഷ്ട്ര സംസ്ഥാന പ്രസിഡന്റും മഹാരാഷ്ട്ര നിയമസഭാംഗവുമായ അബു അസിം ആസ്മി, സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ ദേശീയ വൈസ് പ്രസിഡന്റായ മുഹമ്മദ് ഷാഫി എന്നിവരും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി സാമൂഹിക, മത, രാഷ്ട്രീയ സംഘടനകളുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.
വര്‍ഗീയ അതിക്രമങ്ങള്‍, ആള്‍ക്കൂട്ട ആക്രമണങ്ങള്‍, വിവിധ സംസ്ഥാനങ്ങളില്‍ വീടുകള്‍, പള്ളികള്‍, മദ്‌റസകള്‍ എന്നിവ പൊളിച്ചുനീക്കുന്ന നടപടികള്‍, ചില സംസ്ഥാനങ്ങളിലെ ഏകീകൃത വ്യക്തിനിയമം നടപ്പാക്കല്‍, ഉത്തരാഖണ്ഡിലെ മദ്‌റസകള്‍ സംബന്ധിച്ച നിയന്ത്രണ നടപടികള്‍, വിവേചനം, സുരക്ഷ, ഭരണഘടനാപരമായ അവകാശങ്ങള്‍, രാഷ്ട്രീയ പ്രാതിനിധ്യം തുടങ്ങിയ വിഷയങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തു. അടിസ്ഥാന അവകാശങ്ങളുടെ സംരക്ഷണത്തിനായി ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും നിയമപരവും ജനാധിപത്യപരവുമായ സംവിധാനങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്യേണ്ടതിന്റെ ആവശ്യകത ചര്‍ച്ചയില്‍ ഊന്നിപ്പറഞ്ഞു.
ഈ വെല്ലുവിളികളെ ഭരണഘടനാപരവും ജനാധിപത്യപരവുമായ മാര്‍ഗങ്ങളിലൂടെ നേരിടുന്നതിനായി രാഷ്ട്രീയ പാര്‍ട്ടികള്‍, മതസ്ഥാപനങ്ങള്‍, സിവില്‍ സൊസൈറ്റി സംഘടനകള്‍, നിയമവിദഗ്ധര്‍, സമൂഹനേതാക്കള്‍ എന്നിവര്‍ക്കിടയില്‍ കൂടുതല്‍ ഏകോപനം അനിവാര്യമാണെന്നും പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും നീതി, സമത്വം, സാമൂഹിക സൗഹാര്‍ദ്ദം എന്നിവ പ്രോല്‍സാഹിപ്പിക്കുന്നതിനുമായി കൂട്ടായ പ്രവര്‍ത്തന ചട്ടക്കൂട് രൂപീകരിക്കേണ്ടതിന്റെ പ്രാധാന്യവും യോഗം ചൂണ്ടിക്കാട്ടി.
ഈ ദേശീയ യോഗത്തിന് മുന്നോടിയായി ഈ മാസം ആദ്യം ന്യൂഡല്‍ഹിയിലെ നിസാമുദ്ദീനില്‍ ഒരു തയ്യാറെടുപ്പ് യോഗം ചേര്‍ന്ന് സമ്മേളനത്തിന്റെ അജണ്ടയും ലക്ഷ്യങ്ങളും അന്തിമരൂപം നല്‍കിയിരുന്നു. ഇന്ത്യന്‍ മുസ് ലിംകളുടെ അവകാശങ്ങളും അന്തസ്സും താല്‍പര്യങ്ങളും സംരക്ഷിക്കുന്നതിനായി സമാധാനപരവും നിയമാനുസൃതവും ജനാധിപത്യപരവുമായ പ്രവര്‍ത്തനങ്ങളിലൂടെ വിവിധ സംഘടനകളും നേതൃത്വവും തമ്മിലുള്ള ഐക്യവും ഏകോപനവും കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന പൊതുധാരണയോടെയാണ് യോഗം സമാപിച്ചത്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments