Breaking News

*വിദ്യാര്‍ഥി പ്രക്ഷോഭത്തിലെ നിലപാട്; പേളിക്ക് വന്‍തിരിച്ചടി, ഫോളോവേഴ്‌സില്‍ മൂന്നു ലക്ഷത്തിന്റെ ഇടിവ്*

കൊച്ചി : ജന്തർ മന്തറിൽ കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള വിദ്യാർഥി പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട പ്രതികരണത്തിന് പിന്നാലെ നടിയും അവതാരകയുമായ പേളി മാണിക്ക് വൻ തിരിച്ചടി. ഇൻസ്റ്റഗ്രാമിൽ മാത്രം മൂന്ന് ലക്ഷത്തിലധികം ഫോളോവേഴ്സിനെയാണ് പേളിക്ക് നഷ്ടമായത്. ഇൻസ്റ്റഗ്രാമിന് പുറമെ യൂട്യൂബ്, ഫെയ്‌സ്ബുക്ക് പ്ലാറ്റ്ഫോമുകളിലും ഫോളോവേഴ്സിന്റെ എണ്ണത്തിൽ വൻ കുറവുണ്ടെന്നാണ് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നിലപാടിൽ വലിയ പ്രതിഷേധം ഉയർന്നതോടെ പേളി ഇൻസ്റ്റഗ്രാം അക്കൗണ്ടിലെ കമന്റ് ബോക്സ് പൂട്ടി.

പ്രക്ഷോഭത്തെ പിന്തുണച്ച് രംഗത്തെത്തിയ പേളി, ജീവൻ അപകടത്തിലാണെങ്കിൽ വിദ്യാർഥികൾ സമരം അവസാനിപ്പിച്ച് തിരികെപ്പോവണമെന്ന് ആവശ്യപ്പെട്ടിരുന്നു. 'ആർക്കും പരിക്കേൽക്കരുത്, എല്ലാവരും സുരക്ഷിതരായിരിക്കണം. ജീവൻ അപകടത്തിലാകുന്ന സാഹചര്യമുണ്ടെങ്കിൽ വീട്ടിലേക്ക് മടങ്ങുക. സ്വന്തം ജീവൻ നഷ്ടപ്പെടുത്താൻ മാത്രം പ്രാധാന്യമുള്ള ഒരു ലക്ഷ്യവുമില്ല,' എന്നും പേളി കുറിച്ചിരുന്നു.

വിദ്യാർഥികൾക്ക് നീതിയുക്തമായ വിദ്യാഭ്യാസ സമ്പ്രദായം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതിനൊപ്പം, പ്രക്ഷോഭത്തിന്റെ യഥാർഥ ലക്ഷ്യം വഴിമാറിപ്പോകരുതെന്നും പേളി കുറിച്ചു. എന്നാൽ 'കമന്റ് സെക്ഷൻ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പ്രതിഫലനമാണ്' എന്ന വരിയോടെ പങ്കുവെച്ച പോസ്റ്റിന്റെ കമന്റ് ബോക്സ് തൊട്ടുപിന്നാലെ തന്നെ ഓഫാക്കി.

പേളിയുടെ നിലപാടിനെ വിമർശിച്ച് സംവിധായകൻ സിബി മലയിലിന്റെ മകനും നടനും സിനിമാ പ്രവർത്തകനുമായ ജോ സിബി മലയിൽ രംഗത്തെത്തിയിരുന്നു. സമാന്തരമായി നടിയുടെ നിലപാടിനെതിരെ കടുത്ത വിമർശനവും ഉയർന്നു.

പ്രതിഷേധം ശക്തമായതോടെ ഒരു 'പരാജയപ്പെട്ട സിനിമാ സംവിധായകനെ' പരാമർശിച്ചുകൊണ്ട് പേളി ഇൻസ്റ്റഗ്രാം സ്റ്റോറി പങ്കുവെച്ചത് കൂടുതൽ വിവാദങ്ങൾക്കിടയാക്കി. തന്റെ നിലപാട് പലരെയും അസ്വസ്ഥരാക്കിയെന്നും ഒരു പരാജയപ്പെട്ട സംവിധായകൻ തന്റെ നാലു പേജ് പോസ്റ്റിനെക്കുറിച്ച് 10 പേജുള്ള തിരക്കഥ എഴുതുകയാണെന്ന് പേളി ആരോപിച്ചു.

പേളിയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിക്ക് മറുപടിയുമായി തൊട്ടുപിന്നാലെ ജോ മലയിൽ രംഗത്തെത്തി. പേളി സൂചിപ്പിച്ച 'പരാജയപ്പെട്ട സംവിധായകൻ' തന്റെ പിതാവാണെന്ന് ജോ പ്രതികരിച്ചു. പേളിയുടെ മറ്റ് സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് താഴെയും നിലവിൽ വലിയ രീതിയിലുള്ള വിയോജിപ്പും വിമർശനവുമാണ് ഉയർന്നുകൊണ്ടിരിക്കുന്നത്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments