*മൃതദേഹങ്ങള്‍ അഴുകിത്തുടങ്ങി, മോര്‍ച്ചറിയില്‍ ഇടമില്ല; കൂട്ടസംസ്കാരത്തിനൊരുങ്ങി സര്‍ക്കാര്‍, ഇനി ഉറ്റവരെ തിരിച്ചറിയേണ്ടത് ഇങ്ങനെ...*
കാഠ്മണ്ഡു : അപ്രതീക്ഷിതമായെത്തിയ ദുരന്തത്തിന് മുന്നില്‍ ഇപ്പോഴും പകച്ചുനില്‍ക്കുകയാണ് നേപ്പാള്‍ ജനത ഒന്നടങ്കം.വിനാശകരമായ മിന്നല്‍പ്രളയത്തിന് പിന്നാലെ തിരിച്ചറിയാൻ കഴിയാത്ത മൃതദേഹങ്ങള്‍ കുന്നുകൂടി കിടക്കുന്ന കാഴ്ച കരളലിയിപ്പിക്കുന്നതാണ്. ഒറ്റ നിമിഷംകൊണ്ട് ഉറ്റവരും കിടപ്പാടവും ചവിട്ടിനില്‍ക്കാൻ ഒരുപിടി മണ്ണും ഇല്ലാതെ വലിച്ചെറിയപ്പെട്ട ജനതയെ എങ്ങനെ ചേർത്തുപിടിക്കണമെന്ന അങ്കലാപ്പിലാണ് സർക്കാർ.
ദുരന്തത്തില്‍ ആയിരത്തിനടുത്ത് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. നാലായിരത്തോളം പേർ ഇപ്പോഴും കാണാമറയത്താണ്. കൂട്ടിയിട്ട മൃതദേഹങ്ങള്‍ സംസ്കരിക്കാനുള്ള നടപടി നേപ്പാള്‍ സർക്കാർ തുടങ്ങിക്കഴിഞ്ഞു. മൃതദേഹങ്ങള്‍ സൂക്ഷിക്കാൻ ആശുപത്രികളിലെയും മോർച്ചറികളിലെയും സൗകര്യങ്ങള്‍ പര്യാപ്തമല്ലാത്ത സാഹചര്യത്തിലാണ് തീരുമാനം. മരിച്ചവരില്‍ തിരിച്ചറിയാൻ കഴിയാത്തവരുടെ മൃതദേഹങ്ങളില്‍ നിന്ന് ഡിഎൻഎ സാമ്പിളുകള്‍ ശേഖരിച്ച ശേഷമാണ് സംസ്കരിക്കുന്നത്.
ഭാവിയില്‍ ബന്ധുക്കള്‍ എത്തുകയാണെങ്കില്‍ ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിച്ച് മൃതദേഹം പുറത്തെടുത്ത് മതപരമായ ചടങ്ങുകള്‍ക്കായി കൈമാറാനാണ് അധികൃതരുടെ തീരുമാനം. ഓരോ മൃതദേഹത്തിനും തിരിച്ചറിയല്‍ നമ്പർ നല്‍കുകയും സംസ്കരിക്കുന്ന സ്ഥലത്തിന്റെ കൃത്യമായ വിവരങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്.
നേപ്പാളിലെ ചിത്വാൻ ജില്ലയിലെ ദേവ്ഘട്ട് വനമേഖലയിലാണ് നിരവധി മൃതദേഹങ്ങള്‍ സംസ്കരിക്കുന്നത്. പ്രളയത്തില്‍ ഒഴുകിപ്പോയ മൃതദേഹങ്ങള്‍ നദിയിലൂടെ കിലോമീറ്ററുകള്‍ അകലെവരെ എത്തിപ്പെട്ടതിനാല്‍ പലതും തിരിച്ചറിയാൻ കഴിയാത്ത നിലയിലാണ് കണ്ടെത്തിയത്. ചിത്വാനില്‍ മാത്രം നൂറുകണക്കിന് മൃതദേഹങ്ങള്‍ ഇതിനകം കണ്ടെത്തിയിട്ടുണ്ട്. ആശുപത്രികളിലെ മോർച്ചറികളില്‍ മൃതദേഹങ്ങള്‍ നിറഞ്ഞുകവിയുന്ന അവസ്ഥയാണുള്ളത്. ചിത്വാനിലെ സർക്കാർ, സ്വകാര്യ ആശുപത്രികള്‍ക്ക് ഒരേസമയം 50 മൃതദേഹങ്ങള്‍ മാത്രമാണ് സൂക്ഷിക്കാനുള്ള ശേഷിയുള്ളത്. എന്നാല്‍ അതിന്റെ പതിന്മടങ്ങ് മൃതദേഹങ്ങള്‍ എത്തിയതോടെ അധികൃതർ പ്രതിസന്ധിയിലായി.
മൃതദേഹങ്ങള്‍ ദിവസങ്ങളോളം വെള്ളത്തിലും ചെളിയിലും കിടന്നതിനാല്‍ അതിവേഗം അഴുകിത്തുടങ്ങിയതും പ്രശ്നം രൂക്ഷമാക്കി. പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന സാഹചര്യം ഒഴിവാക്കുന്നതിനും മൃതദേഹങ്ങള്‍ സുരക്ഷിതമായി സംരക്ഷിക്കാനാകാത്തതിനാലുമാണ് താല്‍ക്കാലികമായി കൂട്ടസംസ്കാരം നടത്തുന്നതെന്ന് അധികൃതർ വ്യക്തമാക്കി. മൃതദേഹങ്ങള്‍ പിന്നീട് തിരിച്ചറിയാനായി ഡിഎൻഎ സാമ്പിളുകള്‍, ചിത്രങ്ങള്‍, വിരലടയാളങ്ങള്‍, മറ്റ് തിരിച്ചറിയല്‍ വിവരങ്ങള്‍ എന്നിവ ശേകരിക്കുന്നുണ്ട്.
കാണാതായവരുടെ ബന്ധുക്കളില്‍ നിന്ന് ഡിഎൻഎ സാമ്പിളുകള്‍ ശേഖരിച്ച് മൃതദേഹങ്ങളില്‍ നിന്ന് എടുത്ത സാമ്പിളുകളുമായി താരതമ്യം ചെയ്യാനാണ് പദ്ധതി. ഡിഎൻഎ സാമ്പിളുമായി പൊരുത്തപ്പെട്ടാല്‍ മൃതദേഹത്തിന്റെ തിരിച്ചറിയല്‍ നമ്പർ ഉപയോഗിച്ച് സംസ്കരിച്ച സ്ഥലം കണ്ടെത്താനും തുടർന്ന് മൃതദേഹം പുറത്തെടുത്ത് ബന്ധുക്കള്‍ക്ക് കൈമാറാനും സാധിക്കും. ഇപ്പോഴും ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം ഉയരുന്ന സാഹചര്യമാണുള്ളത്. പലയിടത്തുനിന്നും കണ്ടെത്തുന്ന അഴുകിയ ശരീരഭാഗങ്ങളും അവശിഷ്ടങ്ങളും സൂക്ഷിക്കാൻ സ്ഥലമില്ലാതെ വലയുകയാണ് അധികാരികള്‍. മൃതദേഹങ്ങള്‍ സൂക്ഷിക്കാൻ ആയിരത്തിലധികം ഫ്രീസർ യൂണിറ്റുകള്‍ ആവശ്യമാണെന്ന് നേപ്പാള്‍ അധികൃതർ മറ്റു രാജ്യങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
പ്രളയബാധിത മേഖലകളിലെ രക്ഷാപ്രവർത്തനങ്ങള്‍ക്കായി ഇന്ത്യയുടെയും ചൈനയുടെയും സംഘങ്ങളും നേപ്പാളിലെത്തിയിട്ടുണ്ട്. റാസുവ, ത്രിശൂലി മേഖലകളിലെ ജലവൈദ്യുത പദ്ധതികളിലും പ്രളയം ബാധിച്ച മറ്റ് പ്രദേശങ്ങളിലുമാണ് പ്രധാനമായും തെരച്ചില്‍ തുടരുന്നത്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments