പ്രിയങ്ക മെമ്പർ ഓഫ് പാർലമെന്റ്; ഭരണഘടന ഉയർത്തിപ്പിടിച്ച് സത്യപ്രതിജ്ഞ
ന്യൂഡൽഹി : പ്രിയങ്ക ഗാന്ധി സത്യപ്രതിജ്ഞ ചെയ്തു. ഭരണഘടനാ പതിപ്പ് കൈയ്യിലേന്തിയാണ് പ്രിയങ്ക വയനാടിന്റെ ശബ്ദമായി ലോക്സഭയിൽ സത്യപ്രതിജ്ഞ ചൊല്ലിയത്. രാജ്യത്തെ കോൺഗ്രസ് പ്രവർത്തകർക്കും അതുപോലെതന്നെ പാർലമെന്റിലെ ഇന്ത്യാ സഖ്യത്തിനും വലിയ ഊർജ്ജം നല്കുന്നതാണ് പ്രിയങ്ക ഗാന്ധിയുടെ പാർലമെന്റ് പ്രവേശനം. ഇനിയുള്ള സമരപോരാട്ടങ്ങളിലെ പ്രധാന നേതൃ ശബ്ദമായി പ്രിയങ്ക ഗാന്ധി മാറും.
കേരള സെറ്റ്സാരി ഉടുത്താണ് പ്രിയങ്ക തന്റെ കന്നി പാർലമെന്റ് പ്രവേശനത്തിന് എത്തിയത്. ഇതോടുകൂടി സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരുൾപ്പെടെ ഗാന്ധി കുടുംബത്തിലെ മൂന്ന് പേരും പാർലമെന്റിന്റെ ഭാഗമാകുന്നു എന്നതും ഒരു പ്രത്യേകതയാണ്.
വയനാട് വിഷയം പ്രധാനമായും പ്രിയങ്ക ഗാന്ധി എം പിയെ മുന്നിൽ നിർത്തിക്കൊണ്ട് ഉയർത്താനാണ് കോൺഗ്രസും ഇന്ത്യാ സഖ്യവും ലക്ഷ്യം വെക്കുന്നത്. വയനാട് ദുരന്ത ബാധിത മേഖലയ്ക്കുള്ള കേന്ദ്ര സഹായം ഉള്‍പ്പടെയുള്ള വയനാടിന്റെ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടായിരിക്കും എംപി ആയതിന് ശേഷമുള്ള പ്രിയങ്കയുടെ ആദ്യ പ്രസംഗം.വയനാടിനായി ഒരു മെഡിക്കൽ കോളജ് ആശുപത്രി, രാത്രി യാത്ര നിരോധനം ഉൾപ്പടെ വർഷങ്ങളായി ജനം അനുഭവിക്കുന്ന നിരവധി പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
വയനാട്ടിൽ പ്രിയങ്ക ഗാന്ധി 4,10,931 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കന്നിയങ്കം ജയിച്ചത്. മണ്ഡലത്തിൽ രാഹുൽ ഗാന്ധി മേയിൽ നേടിയ 3,64,422 വോട്ടിന്റെ ഭൂരിപക്ഷം മറികടക്കുകയും ചെയ്തിരുന്നു. രാഹുലിനെക്കാൾ 46,509 വോട്ട് പ്രിയങ്ക അധികം നേടി. 2019ൽ 4,31,770 വോട്ടിന്റെ ഭൂരിപക്ഷമാണ് രാഹുൽ ഗാന്ധിക്ക് ഉണ്ടായിരുന്നത്.
Post Comment
No comments