ഡീനിനെതിരെ ആംബുലൻസ് ഡ്രൈവർ; ഉടനെ ബന്ധുക്കളെ അറിയിച്ചുവെന്ന വാദം പൊളിയുന്നു
കൽപ്പറ്റ: സിദ്ധാർത്ഥന്റെ മരണത്തിൽ ഡീനിന്റെ വാദങ്ങൾ പൊളിയുന്നു. സിദ്ധാർത്ഥന്റെ മരണ വിവരമറിഞ്ഞ് എത്തിയ തന്നോട് 'വീട്ടുകാർ അറിഞ്ഞോ?' എന്നാണ് ഡീൻ ചോദിച്ചതെന്ന് മൃതദേഹം വൈത്തിരിയിൽ നിന്ന് ബത്തേരിയിൽ എത്തിച്ച ആംബുലൻസ് ഡ്രൈവർ നിഖിൽ. എന്നാൽ ഇതിന് വിരുദ്ധമാണ് കഴിഞ്ഞ ദിവസം ഡീൻ ഉന്നയിച്ച വാദം. 1.45 ന് വിവരം അറിഞ്ഞുവെന്നും ആശുപത്രിയിൽ എത്തിച്ച് മരണം സ്ഥിരീകരിച്ചതോടെ ബന്ധുക്കളെ അറിയിച്ചു എന്നുമായിരുന്നു ഡീൻ എം കെ നാരായണൻ കഴിഞ്ഞ ദിവസം പറഞ്ഞത്.
സിദ്ധാർത്ഥന്റെ മരണ വിവരം അറിഞ്ഞത് ഫെബ്രുവരി 18 നു വൈകീട്ട് 3.15 നാണെന്ന് നിഖിൽ പറഞ്ഞു. നെടുമങ്ങാട് നിന്ന് സഹപ്രവർത്തകൻ വിളിച്ചപ്പോഴാണ് അറിയുന്നത്. ഉടനെ വൈത്തിരി താലൂക്ക് ആശുപത്രിയിൽ പോയി. ആശുപത്രിയിൽ പിജി വിദ്യാർത്ഥികളുണ്ടായിരുന്നു. തുടർന്ന് വൈത്തിരി സ്റ്റേഷനിൽ പോയി. പൊലീസ് വിദ്യാർഥികളുടെ മൊഴി രേഖപ്പെടുത്തുമ്പോൾ ഡീൻ അവിടെയുണ്ട്. താൻ ആരാണെന്ന് ഡീൻ ചോദിച്ചു? നെടുമങ്ങാട് നിന്ന് വിവരം വിളിച്ചറിയിച്ചത് പ്രകാരം വന്നതാണെന്ന് പറഞ്ഞു. വീട്ടുകാർ അറിഞ്ഞോ എന്നായിരുന്നു ഡീനിൻ്റെ മറുചോദ്യമെന്ന് ആംബുലൻസ് ഡ്രൈവർ നിഖിൽ പറഞ്ഞു.
അതേസമയം സിദ്ധാർത്ഥന്റെ മരണത്തിൽ കൊലപാതക സാധ്യതയെ പറ്റിയുള്ള അന്വേഷണത്തിന് പൊലീസ്. ഫൊറൻസിക് പരിശോധന ഫലം നിർണായകമാണ്. തൂങ്ങി മരിക്കാൻ ഉപയോഗിച്ച തുണി ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. മൃതദേഹം അഴിച്ചത് പ്രതികൾ ആണെന്നതിലും ദുരൂഹതയുണ്ട്. പ്രതികളെ പൊലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്. മുഖ്യപ്രതി സിൻജോ ജോൺസണുമായി സർവ്വകലാശാല ഹോസ്റ്റലിൽ നടത്തിയ തെളിവെടുപ്പിൽ കണ്ടെത്തിയത് നിർണായക തെളിവുകളാണ്. സിദ്ധാർത്ഥനെ മർദ്ദിക്കാൻ ഉപയോഗിച്ച ഗ്ലൂ ഗണ്ണിന്റെ ഇലക്ട്രിക് വയർ, ഒരു ചെരിപ്പ് എന്നിവയാണ് കണ്ടെത്തിയത്. സംഭവ സമയത്ത് സിൻജോ ജോൺസൺ ഉപയോഗിച്ച ചെരിപ്പാണ് കണ്ടെത്തിയത്. പ്രതി ഇത് മുറിയിൽ ഒളിപ്പിച്ച് വെച്ചതായിരുന്നു. ഹോസ്റ്റലിലെ മുപ്പത്തി ആറാം നമ്പർ മുറിയിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്.
Post Comment
No comments