Breaking News

നാടിനെ സംഗീതസാന്ദ്രമാക്കി മൂന്നുനാൾ നീളുന്ന ത്യാഗരാജ-പുരന്ദരദാസ സംഗീതാരാധനയ്ക്ക് തിരിതെളിഞ്ഞു.


കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സദ്ഗുരു ത്യാഗബ്രഹ്മ സംഗീത സഭയുടെ നേതൃത്വത്തിൽ നടക്കുന്ന ശ്രീ ത്യാഗരാജ-പുരന്ദരദാസ സംഗീതാരാധനയ്ക്ക് തിരിതെളിഞ്ഞു.

പെരിഞ്ചല്ലൂർ സംഗീത സഭാ സ്ഥാപകൻ വിജയ് നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു. സംഗീതസഭാ പ്രസിഡൻ്റ് ബി.ആർ. ഷേണായ് അധ്യക്ഷനായി. കണ്ണൂർ സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. ഖാദർ മാങ്ങാട്, പെരിയ ഗോകുലം ഗോശാല സ്ഥാപകൻ വിഷ്ണുപ്രസാദ് ഹെബ്ബാർ, സാംസ്കാരിക പ്രവർത്തകൻ സുകുമാരൻ പെരിയച്ചൂർ, കവയിത്രി സി.പി. ശുഭ, കാഞ്ഞങ്ങാട് പ്രസ്ഫോറം പ്രസിഡൻ്റ് ടി.കെ. നാരായണൻ, സംഗീത സഭ എക്സിക്യുട്ടീവ് സെക്രട്ടറി ടി.പി. സോമശേഖരൻ, ഖജാൻജി പി.പി. ജഗദീശൻ, ഉഷ ഈശ്വർ ഭട്ട്, ശിവരഞ്ജിനി ഭട്ട് എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന ഉദ്ഘാടനക്കച്ചേരിയിൽ സംഗീതം പദ്മനാഭൻ പാടി. ബഹുധാരി രാഗത്തിൽ 'ബ്രോവ ബാരമ്മ' എന്ന ആദിതാള കൃതിയോടെ കച്ചേരി ആരംഭിച്ചു. പ്രധാനകൃതിയായി തോഡി രാഗത്തിൽ ചിട്ടപ്പെടുത്തിയ 'കദ്ദനു വാരിഗി' എന്ന തോടിരാഗ കീർത്തനമാണ് ആലപിച്ചത്. തിരുനെല്ലൂർ അജിത്കുമാർ വയലിനിലും ചേർത്തല കൃഷ്ണകുമാർ മൃദംഗത്തിലും മാഞ്ഞൂർ ഉണ്ണികൃഷ്ണൻ ഘടത്തിലും വെള്ളിക്കോത്ത് പി.രാജീവ്ഗോപാൽ മോർസിങ്ങിലും പക്കമേളമൊരുക്കി.

No comments