മുസ്ലിം സമുദായത്തിനെതിരെയുള്ള നുണപ്രചാരണങ്ങൾക്കെതിരെ സർക്കാർ ബാധ്യത നിർവ്വഹിക്കണം: വിസ്ഡം യൂത്ത്
കാസർകോഡ്: അപരവൽകരണം ലക്ഷ്യമാക്കി മുസ്ലിം സമുദായത്തിനെതിരെ പടച്ച് വിടുന്ന നുണപ്രചാരണങ്ങൾക്കെതിരെ സർക്കാർ ബാധ്യത നിർവ്വഹിക്കണമെന്ന് വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷൻ സംസ്ഥാന സമിതി കാസർകോട്ട് സംഘടിപ്പിച്ച ഡയലോഗ് ധൈഷണിക സംവാദം അഭിപ്രായപ്പെട്ടു
സാമൂഹിക സ്പർദ്ധ ലക്ഷ്യമാക്കി അനാവശ്യ ആരോപണ പ്രത്യാരോപണങ്ങൾ ഉന്നയിക്കുന്ന സാഹചര്യത്തിൽ ധവളപത്രമിറക്കാൻ സർക്കാർ തയ്യാറാകണം.സാമൂഹിക നവോത്ഥാന പ്രവർത്തന രംഗത്ത് മുസ്ലിം പരിഷ്കർത്താക്കളോടൊപ്പം ഒന്നിച്ച് പ്രവർത്തിച്ചിരുന്ന പൂർവീകരുടെ സമീപനങ്ങളെ മനസിലാക്കാൻ ആരോപണമേറ്റെടുത്തവർ മനസ് കാണിക്കണം.
വിസ്ഡം പണ്ഡിത സഭയായ ലജ്നതുൽ ബുഹൂസുൽ ഇസ്ലാമിയ ജനറൽ സെക്രട്ടറി ഷമീർ മദീനി സമ്മേളനം ഉദ്ഘാടനം ചെയ്തു. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജില്ലാ സെക്രട്ടറി അബൂബക്കർ ഉപ്പള അധ്യക്ഷത വഹിച്ചു. വിവിധ സെഷനുകളിലായി താജുദ്ദീൻ സ്വലാഹി, അബ്ദു റഷീദ് കുട്ടമ്പൂർ, ഷബീബ് സ്വലാഹി,നിഷാദ് സലഫി, ശിഹാബ് എടക്കര, മുജീബ് ഒട്ടുമ്മൽ, ജംഷീർ സ്വലാഹി, ഡോ. അബ്ദുള്ള ബാസിൽ, ശംജാസ് കെ അബ്ബാസ്, ഹിലാൽ സലീം തുടങ്ങിയവർ വിഷയങ്ങൾ അവതരിപ്പിച്ചു.
വർഗീയ വിദ്വേഷ പ്രചാരണങ്ങളിൽ നിന്ന് മാറി നിൽക്കാനും സൗഹൃദാന്തരീക്ഷം സ്ഥാപിക്കാനും എല്ലാവരും ബദ്ധശ്രദ്ധരാകണം.
മുസ്ലിം സമുദായം അനർഹമായി നേടിയെന്ന് ആരോപിക്കുന്നവർ വസ്തുനിഷ്ഠമായ പഠനം നടത്താൻ തയ്യാറാകണം.
രാജ്യത്ത് നടന്ന പഠനങ്ങനളെയും അന്വേഷണ കമ്മീഷനുകളെയും വിശ്വാസത്തിലെടുക്കാൻ ആരോപകർ ശ്രമിക്കണം.
ഇസ്ലാം മതത്തിലെ സാങ്കേതിക പദങ്ങളും ചിഹ്നങ്ങളും ഉപയോഗിച്ചുകൊണ്ടുള്ള അപരവത്കരണ ശ്രമങ്ങൾ ഉണ്ടാകുമ്പോൾ അത്തരക്കാർക്കെതിരെ നടപടിയെടുക്കാൻ സർക്കാർ തയ്യാറാകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
Post Comment
No comments