രാജിവെക്കണം; എംഎല്‍എ മുകേഷിന്റെ വീട്ടിലേക്ക് മഹിളാ കോണ്‍ഗ്രസും യുവമോര്‍ച്ചയും പ്രതിഷേധ മാര്‍ച്ച് നടത്തി, മന്ത്രി സജി ചെറിയാന്റെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസിന്റെ മാര്‍ച്ച്
കൊല്ലം: ലൈംഗിക അതിക്രമ ആരോപണം നേരിടുന്ന എം മുകേഷ് എംഎല്‍എയുടെ രാജി ആവശ്യപ്പെട്ട് കൊല്ലം പട്ടത്താനത്തെ വീട്ടിലേക്ക് യുവ മോര്‍ച്ചയുടെ നേതൃത്വത്തിലും മഹിളാ കോണ്‍ഗ്രസിന്റെയും നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി. ആദ്യം യുവ മോര്‍ച്ചയാണ് വീട്ടിലേക്ക് പ്രതിഷേധവുമായി എത്തിയത്. വീടിന് സമീപത്തെ റോഡില്‍ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് പ്രവര്‍ത്തകരെ തടഞ്ഞു. ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ചതോടെ ഉന്തും തള്ളമുണ്ടായി. ബാരിക്കേഡിന് മുകളില്‍ കയറി മുദ്രാവാക്യം മുഴക്കിയ പ്രവര്‍ത്തകര്‍ ശക്തമായ പ്രതിഷേധിച്ചു. കൊല്ലത്തിന്റെ നാണം കെട്ട എംഎല്‍എ രാജിവെക്കണമെന്ന് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി. തുടര്‍ന്ന് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുകേഷിന്റെ കോലം കത്തിച്ചു. പ്രതിഷേധ സാഹചര്യം കണക്കിലെടുത്ത് മുകേഷിന്റെ വീടിന് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തുകയും മുകേഷിനെ വീട്ടില്‍ നിന്നും മാറ്റുകയും ചെയ്തിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ നടനായ മുകേഷിനെതിരെ പീഡനാരോപണം ഉന്നയിച്ച് നടി രംഗത്തെത്തിയിരുന്നു. മുകേഷിനെതിരെ നേരത്തെ കാസ്റ്റിങ് ഡയറക്ടര്‍ ടെസ് ജോസഫും ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരുന്നു. ഈ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രതിഷേധം. അതേസമയം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂഴ്ത്തി വെച്ച മന്ത്രി സജി ചെറിയാന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് ചെങ്ങന്നൂരിലെ മന്ത്രിയുടെ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് ഇടപെട്ടാണ് സ്ഥലത്ത് നിന്ന് മാറ്റിയത്.
Post Comment
No comments